പഞ്ഞക്കർക്കിടകം പെയ്തൊഴിഞ്ഞ് ചിങ്ങം പിറന്നപ്പോഴായിരുന്നു ആസാം റൈഫിൾസിൽ നിന്ന് ബാബുക്കുട്ടൻ ആദ്യത്തെ അവധിക്ക് നാട്ടിൽ വന്നത്. തല നിറയെ എണ്ണ പൊത്തി മുടി വാർന്ന് ചീകി വെച്ചു പോയ ബാബുക്കുട്ടൻ തിരിച്ചു വന്നത് ഷാംപൂ തേച്ച് നടുവെ കോതി ഇരുവശത്തേക്കും ഷാരുഖ് ഖാനെപ്പൊലെ പാറിപ്പറപ്പിച്ചായിരുന്നു. വന്നതിന് ശേഷം ഒരാഴ്ചക്കാലം ഹിന്ദിയിൽ സംസാരിച്ച് തുടങ്ങി അബദ്ധം പിണഞ്ഞത് പോലെ മലയാളത്തിലേക്ക് മാറ്റുകയും ഇടക്കിടക്ക് ‘ബന്ധവസ്ത് കരോ, ഫിക്കർ മത് കരോ, അച്ചാ തൂ ഏക് കാം കരോ’ എന്നൊക്കെ പറഞ്ഞിട്ടും തന്റെ ഷാരുഖ് ഖാൻ ഹെയർസ്റ്റൈലിനെ ആരും തിരിച്ചറിഞ്ഞില്ല. പിറ്റേന്ന് വൈകുന്നേരം ബാബുക്കുട്ടൻ അഞ്ചൽകുറ്റിക്കലെ വായനശാലയുടെ വരാന്തയിൽ നേരത്തെയെത്തിയത് ഒരു വെടിക്കുള്ള തിരയുമായിട്ടായിരുന്നു.

സുഹൃത്തുക്കളോട് കുശലം പറഞ്ഞിരിക്കുന്നതിനിടയിൽ ട്യൂഷൻ ക്ലാസ്സ് പിരിഞ്ഞ് പോയ പെൺകിടാങ്ങളെ നോക്കി ‘അഛാ…ആ പോകുന്ന പെൺകുട്ടികൾ എവിടുള്ളതാ?’ എന്ന് ചോദിച്ചു അവരുടെ വീടും കുടിയുമൊക്കെ ബാബുക്കുട്ടന് നന്നായി അറിയാമെന്ന് എല്ലാവർക്കും ബോധ്യമുണ്ടായിരുന്നതിനാൽ സുഹൃത് വൃന്ദം മറുപടി പറഞ്ഞില്ല. ബാക്കി പറയാൻ തിരക്കിട്ടു നിന്നത് കൊണ്ട് ബാബുക്കുട്ടൻ മറുപടിക്ക് അധികം സമയവും നൽകിയില്ല. “ഇന്നലെ വൈകുന്നേരം ഉറക്കമെഴുന്നേറ്റ് ഞാൻ മതിലിന്റെയരികിൽ നിൽക്കുമ്പോൾ ആ ഷാരുഖ് ഖാന്റെ മുഖച്ഛായയുള്ള ആ ചേട്ടന്റെ വീടല്ലേ ഇതെന്ന് വഴിയിൽ കൂടി ട്യൂഷന് പോയ ഏതോ കുട്ടികൾ പറയുന്നത് കേട്ടു, ആരാണെന്ന് കണ്ടില്ല, അതിനി ഇവര് വല്ലതുമാണോ എന്നറിയാൻ ചോദിച്ചതാ” ബാബുക്കുട്ടൻ കൊണ്ടു വന്ന കുപ്പി തീർന്നിട്ടില്ല എന്ന ഒറ്റ വസ്തുതയെ മുൻനിർത്തി പൊട്ടിയ വെടിയെ സുഹൃത്തുക്കൾ കണ്ടില്ലെന്ന് നടിച്ചു.

ഇതിനിടയിൽ അത്തവും ചിത്തിരയുമൊക്കെ താണ്ടി ഓണം പിറന്നു. വായനശാലയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന വമ്പിച്ച ഓണാഘോഷത്തിന് സമഗ്രസംഭാവന നൽകി ബാബുക്കുട്ടൻ പേര് നോട്ടീസിൽ അച്ചടിപ്പിച്ചു. അതിനും ഉദ്ദേശിച്ച പ്രശസ്തി നേടിത്തരുന്നില്ല എന്ന് വേദനയോടെ തിരിച്ചറിഞ്ഞപ്പോൾ ഉത്രാടത്തിന് മൂന്ന് നാൾ മുൻപ് മുക്കാൽ കുപ്പി തീർന്ന പട്ടാള സീസറിനേയും ആൽത്തറയേയും അമ്പലക്കുളത്തേയും സാക്ഷി നിർത്തിയാണ് ബാബുക്കുട്ടൻ രണ്ടാമത് വെടി പൊട്ടിച്ചത്. “ആസാം റൈഫിൾസിലെ നീന്തൽ ചാമ്പ്യനായ ലാൻസ് നായിക് ബാബുക്കുട്ടൻ നടാടെ നീന്തൽ മത്സരത്തിൽ പങ്കെടുക്കുന്നു, വെറുമൊരു വെല്ലുവിളിയല്ല, ഉറഞ്ഞു കിടക്കുന്ന ഐസുകട്ടകൾക്ക് താഴെ മൂന്നരകിലോ ഭാരമുള്ള തോക്കും പേറി നീന്തിത്തുടിച്ചു നടന്ന ഒരു പട്ടാളക്കാരന്റെ വിജയകാഹളമാണ്…ഖബർദാർ” എന്ന് പറഞ്ഞാണ് ബാബുക്കുട്ടൻ പടിയിലിരുന്ന വെള്ളമൊഴിക്കാതെ വെച്ച പെഗ്ഗെടുത്ത് തൊണ്ടക്കുഴിയിൽ കമഴ്ത്തി അമ്മേയെന്ന് വിളിച്ചത്. കമ്മറ്റിയാപ്പീസിലെ അത്തപ്പൂക്കള മത്സരം, അമ്പല നടയിൽ നിന്നാരംഭിക്കുന്ന പുലിക്കളി, കുമ്മായം കൊണ്ട് ട്രാക്ക് വരച്ച സ്കൂൾ മൈതാനത്ത് സൈക്കിൾ സ്ലോ, സ്പീഡ് റേസ് നാരങ്ങാ സ്പൂൺ മത്സരം വടംവലി ഇതെല്ലാം കഴിഞ്ഞാണ് അമ്പലക്കുളത്തിൽ രണ്ടു വശത്തും കയർ കെട്ടിയുണ്ടാക്കിയ ഒറ്റട്രാക്കിൽ നീന്തൽ മത്സരം. കഴിഞ്ഞ അഞ്ചാറ് വർഷങ്ങൾ ട്രോഫി കുത്തകയായി നടക്കുന്ന സൈക്കിൾ കടക്കാരൻ ചട്ടമ്പിയും ബാബുക്കുട്ടൻ പൊട്ടിച്ച വെടിയുടെ മാറ്റൊലികൾ കേട്ടു.

പോളിയോ തളർത്തിയ വലം കാല് അലസമായി കുടഞ്ഞ് ചട്ടൻ പ്രമോദ് എന്ന ചട്ടൻ പി പുറകോട്ട് ചാഞ്ഞ് പന്ത്രണ്ട് പത്ത് സ്പാനറെടുത്ത് ബോൾട്ട് മുറുക്കിയിട്ട് ചുണ്ട് വലത്തേക്ക് കോട്ടി ഇപ്രകാരം പറഞ്ഞു. 'കഴിഞ്ഞേന്റെ മുമ്പൽത്തെ കൊല്ലം എല്ലാവന്മാരും കൂടി ഒരുത്തനെ എഴുന്നള്ളിച്ച് കൊണ്ടൂന്നാരുന്നല്ലോ.. എന്നാ മീനച്ചിലാറു കുറുകെ നീന്തുന്ന ഭൂലോക നീന്തൽത്താരത്തിനെ എന്നിട്ടെന്നാ പറ്റീ...?' ചട്ടമ്പിയുടെ ആത്മവീര്യം കെടുത്താൻ ലാൻസ് നായിക് ബാബുക്കുട്ടന്റെ അച്ചാരം വാങ്ങി സൈക്കിള് കടയിൽ വന്ന കണ്ണന് ഉത്തരം മുട്ടി. ‘അവൻ അങ്ങേക്കരയെത്തുന്നേന് മുൻപേ മുങ്ങിപ്പോയി, അതും പോട്ടേ, എടാ നീ ഈപ്പറയുന്ന ഇവൻ പട്ടാളത്തീപ്പോകുന്നേന് മുന്പേ രണ്ടാമത്തെ പടിയേന്നെറങ്ങാതെ മുങ്ങിക്കുളിച്ചേച്ച് പൊക്കോണ്ടിരുന്നവനല്ലേ..നീ അവന്റെ കൂടുതൽ കൊണാരമൊന്നും പറയണ്ട" ചട്ടമ്പി സ്പാനറെറിഞ്ഞിട്ട് കൈകളിൽ കുത്തി ചാടിയെഴുന്നേറ്റ് കൈലി മടക്കിക്കുത്തി ചട്ടി നടന്ന് പോയി പമ്പെടുത്ത് വന്ന് കാറ്റടിച്ച് നിർത്തിയിട്ട് തുടർന്നു. 'പ്രമോദേ ഈ കൊളത്തീക്കെടന്ന് വളർന്നതാ...തോപ്പിക്കണേലേ ഒരു 'പണം' ഉണ്ട് ഊ.. ഊ..ആ.. അതു തന്നെ'

സീസർ കെട്ടയച്ചു വിട്ടപ്പോൾ വെല്ലുവിളി വേണ്ടായിരുന്നില്ല എന്ന് ബാബുക്കുട്ടന് തോന്നി. ചുമ്മാതങ്ങ് മത്സരിച്ചിരുന്നെങ്കിൽ തോറ്റാലും മാനക്കേടില്ലായുരുന്നു. ഇതിപ്പോൾ കരക്കാര് ഉറ്റു നോക്കുന്ന ഒരു നീന്തൽ മത്സരത്തിലേക്കാണ് കാര്യങ്ങൾ വന്നെത്തിയിരിക്കുന്നത്. മറ്റുള്ളവരെല്ലാം മത്സരത്തിൽ നിന്ന് പിൻമാറി. വായനശാലക്ക് മുൻപിൽ മാണിക്കോത്ത് ലാൻസ് നായിക് ബാബുക്കുട്ടനും തുണ്ടിയിൽ പ്രമോദും തമ്മിലുള്ള പൊരിഞ്ഞ നീന്തൽ മത്സരം എന്ന് പടം വരച്ച വലിയ ബോർഡ് വരെ പൊങ്ങി. കൂടാതെ പ്രമോദിന്റെ ലോക്കൽ ആരാധകർ വക ഒന്നു രണ്ട് ആശംസാ ബാനറുകളുമുണ്ട്. കണ്ണന് കാശു കൊടുത്ത് ബാനറ് തുണി വാങ്ങിച്ച് ആർട്ടിസ്റ്റ് പാപ്പച്ചനെക്കൊണ്ട് എഴുതിച്ച് നാലു പേര് കാണുന്നിടത്ത് തൂക്കാൻ എടപാടാക്കുകയും പാതിരാത്രിയിൽ രഹസ്യമായി കുളത്തിൽ പരിശീലനം നടത്തിയിട്ടും ബാബുക്കുട്ടന്റെ ആത്മവിശ്വാസത്തിലെ വിള്ളലടഞ്ഞില്ല. പൂരാടത്തിന്റന്ന് വൈകുന്നേരം ‘ഇത്തവണത്തെ നീന്തൽ മത്സരത്തോടെ മംഗളം പാടും’ എന്ന ചട്ടമ്പിയുടെ റിട്ടയർമെന്റ് പ്രഖ്യാപനം കേട്ട് ആരാധകർ നിരാശരായി. തീർത്തും അപക്വമായ തീരുമാനം എന്ന് ബാർബർ സുകു അതിനെ വിശേഷിപ്പിച്ചു. പ്രഖ്യാപനത്തെത്തുടർന്ന് മത്സരം കാണാൻ വൻപിച്ച ജനത്തിരക്കുണ്ടാകുമെന്ന് കൺവീനർ ബാബുച്ചേട്ടൻ മുന്നറിയിപ്പ് നൽകി. നാലു വർഷങ്ങൾക്ക് പിന്നിലെ ഉത്സവത്തിന് തളർന്ന കാൽ മുട്ടിന് പിടിച്ച് കറക്കി അടിച്ച് കുലുക്കിക്കുത്തുകാരെ ഓടിക്കുന്ന ചട്ടമ്പിയെ ബാബുക്കുട്ടൻ പലപ്പോഴും ഓർക്കുകയും ചിലപ്പോൾ നേർക്ക് നേർ ഒരേറ്റുമുട്ടലുണ്ടാകും എന്ന് വെറുതെ ഭയപ്പെടുകയും ചെയ്തു.

തിരുവോണത്തിന്റെ സായാഹ്നത്തിൽ നൂറ് കണക്കിന് നാട്ടുകാർക്ക് മധ്യത്തിൽ ട്രൌസറിട്ട രണ്ട് പോരാളികൾ കുളത്തിന്റെ കരയിൽ നിന്നു, ആസാം റൈഫിൾസിന്റെ രോമാഞ്ചമായ ലാൻസ് നായിക് ബാബുക്കുട്ടനും പ്രതിയോഗികളില്ലാത്ത നീന്തൽ താരം ചട്ടമ്പിയും. മൈക്ക് വിഴുങ്ങി രമേശന്റെ ആക്രോശങ്ങൾ മലിനമാക്കിയ അന്തരീക്ഷവായുവിൽ റഫറി ആനന്ദന്റെ വിസിൽ മുഴങ്ങി. വെള്ളപ്പരപ്പിൽ തല പൊക്കി ചട്ടമ്പിയെ തിരഞ്ഞ ബാബുക്കുട്ടൻ യമഹ എഞ്ചിൻ വെച്ച ബോട്ട് പോലെ പോകുന്ന ചട്ടമ്പിയെക്കണ്ട് അന്തം വിട്ട് സർവ്വശക്തിയുമെടുത്ത് കൈകൾ നീട്ടിയെറിഞ്ഞു. കുളത്തിന്റെ മധ്യത്തിലെത്തിയപ്പോൾ ബാബുക്കുട്ടൻ കഷ്ടപ്പെട്ട് പ്രമോദിന്റെ ഒപ്പമെത്തി. ഒരു പൊടിക്ക് ബാബുക്കുട്ടനല്ലേ മുൻപിൽ എന്ന് ആരാധകർക്ക് സംശയവുമായി. ഫിനിഷിങ് പോയിന്റായ പടിഞ്ഞാറേ കടവിലെത്താൻ നിമിഷങ്ങൾ മാത്രം ബാക്കി. എതിരാളികളില്ലാത്ത ചാമ്പ്യൻ ചട്ടമ്പിയെ തോൽപ്പിച്ച് ചരിത്രം തിരുത്തിക്കുറിക്കാൻ നാടിന്രെ പൊന്നോമനപ്പുത്രൻ ലാൻസ് നായിക് ബാബുക്കുട്ടൻ ത്രീ നോട്ട് ത്രീ റൈഫിളിൽ നിന്ന് പുറപ്പെട്ട വെടിയുണ്ട കണക്കെ ജലകണികകളെ പിളർന്ന് മുന്നോട്ട് കുതിക്കവേ പെട്ടെന്ന് അപ്രത്യക്ഷനായി. കാഴ്ചക്കാർ ഞെട്ടി. ഞെട്ടലിൽ നിന്ന് മുക്തരാകുന്നതിന് മുൻപേ ചട്ടമ്പി വിജയിച്ച് കരക്ക് കയറി, തുടർച്ചയായ ആറാം തവണയും! കരക്കാരുടെ കണ്ണുകൾ ആഴങ്ങളിൽ പരതുമ്പോൾ ഫിനിഷിങ് പോയിന്റിലേക്ക് ഉണ്ടയിട്ട് പൊങ്ങി വന്ന ബാബുക്കുട്ടൻ ചട്ടമ്പിയെ ആലിംഗനം ചെയ്ത് “സബർദസ്ത് പ്രമോദ്, തും എക് ദം ചാമ്പ്യൻ ഹൈ” എന്നിപ്രകാരം പ്രശംസിച്ച് കടന്നു പോയി.

അവിട്ടം കഴിഞ്ഞ ചതയമായിട്ടും ചട്ടമ്പിയുടെ വിജയത്തിന് പിന്നിലെ നിഗൂഢത പുറത്ത് വന്നില്ല. എത്ര തല പുകച്ചിട്ടും ഒരെത്തും പിടിയും കിട്ടാതിരുന്ന പ്രദേശവാസികൾക്ക് ചെങ്ങന്നൂർ ചിപ്പിയിൽ മാറ്റിനി കണ്ടു വന്ന സുനിയാണ് ബാബുക്കുട്ടൻ ചിലപ്പോൾ ബാസിഗറായതായിരിക്കും എന്ന് പറഞ്ഞു കൊടുത്തത്. നീന്തൽ മത്സരത്തിന്റെ ഓളങ്ങളടങ്ങും വരെ രണ്ടു നാൾ ബാസിഗർ ചെറിയനാട് അമ്മ വീട്ടിലേക്ക് പോയിരുന്നു. അതു കൊണ്ട് ഒരു ക്ലോസ് എൻകൌണ്ടർ നടത്താൻ ആർക്കും അവസരം കിട്ടിയില്ല.

വിജനമായ പ്ലാറ്റ് ഫോമിൽ കണ്ണൻ നീണ്ടു കിടക്കുന്ന പാളങ്ങളിലെ മരീചികക്കപ്പുറം ഗുവാഹട്ടി എക്സ്പ്രസ്സിനായി കണ്ണു പായിച്ചു. ബാബുക്കുട്ടൻ മറുവശത്ത് മേൽപ്പാലത്തിൽ കൂടി കടക്കുന്ന വാഹനങ്ങളുടെ തലപ്പുകൾ നോക്കി നെടുവീർപ്പിട്ടു.
“ചേട്ടനെങ്ങനാ തോറ്റ് പോയേ?”
മുഖവുരകളിലിലാതെ കണ്ണൻ ചോദ്യമെറിഞ്ഞു. പുല്ലിലും പൂക്കളിലും പൂങ്കാറ്റിലുമുള്ള ഗൃഹാതുരതകൾ ദർശിച്ച് ആസ്സാമിന് കൊണ്ടു പോകാൻ വാരി നിറച്ചു കൊണ്ടിരുന്ന ബാബുക്കുട്ടൻ അസ്വസ്ഥനായി.
മനസ്സ് ഓട്ടോ റീവൈൻഡായി സീൻ ലോഡ് ചെയ്തു. ത്രീ നോട്ട് ത്രീ റൈഫിളിൽ നിന്ന് കുതിച്ച വെടിയുണ്ട പോലെ ലാൻസ് നായിക് ബാബുക്കുട്ടൻ. ചിതറുന്ന വെള്ളത്തുള്ളികൾക്കപ്പുറം ചട്ടമ്പിയുടെ ഉയർന്ന് വരുന്ന തളർന്ന കാൽ ബാബുക്കുട്ടന്റെ പിടലിയിൽ പതിക്കുന്നു. ബാലൻസ് പോയ ബാബുക്കുട്ടൻ മുങ്ങിപ്പോകുന്നു..ഗുൾ ഗുൾ ഗുൾ….
“ആ തെണ്ടി എന്നെ ചട്ടുകാലിന് അടിച്ചു മുക്കിയതാ” ലാൻസ് നായിക് ഗദ്ഗദ കണ്ഠനായി. കണ്ണന് ചിരി വന്നു.

ഗുവാഹട്ടി എക്സ് പ്രസ്സ് മരീചകക്കപ്പുറം നീലമുഖം കാട്ടി ചട്ടമ്പിയെപ്പോലെ ചട്ടിയും മുടന്തിയും വന്ന് കിതച്ച് നിന്ന് ബാബുക്കുട്ടനെ അകത്താക്കി അലറി വിളിച്ച് പോയി. മേൽപ്പാലത്തിന് കീഴിൽ വണ്ടി മറയുവോളം കണ്ണൻ നോക്കി നിന്നു. പത്തിരുപത്തി രണ്ട് ഓണങ്ങൾ പിന്നെയും കഴിഞ്ഞു പോയി. സ്കൂൾ മൈതാനം പിന്നീടൊരു ഓണത്തിനും കുമ്മായം കണ്ടില്ല. കുളത്തിൽ വടം കെട്ടിയ നീന്തൽ ട്രാക്കുമുണ്ടായില്ല. അതു കൊണ്ട് ചട്ടമ്പി പിന്നീടൊരിക്കലും മത്സരിച്ചില്ല. മേൽപ്പാലത്തിന് കീഴിലൂടെ അപ്പുറം കടന്ന് കണ്ണനും പിന്നീടെപ്പോഴോ പ്രവാസിയായി.

Comments